അണ്ടര്‍ 20 ലോകകപ്പ് ഫുട്‌ബോള്‍ കിരീടം സെര്‍ബിയയ്ക്ക്. ഫൈനലില്‍ ബ്രസീലിനെ 2 – 1 ന് തോല്‍പിച്ചാണ് സെര്‍ബിയ വിജയിച്ചത്. മത്സരത്തിന് ശേഷമുള്ള അധികസമയത്താണ് സെര്‍ബിയയ്ക്ക് വേണ്ടിയുള്ള വിജയഗോള്‍ മാക്‌സിമോവിക്ക് നേടിയത്.
മത്സരത്തിന്റെ ആദ്യ പകുതി ബ്രസീലിന്റെ നിയന്ത്രണത്തിലായിരുന്നെങ്കിലും അവര്‍ക്ക് ഗോള്‍ നേടാന്‍ സാധിച്ചില്ല. ബ്രസീലിന്റെ മുന്നേറ്റങ്ങള്‍ ഓരോന്നും സെര്‍ബിയന്‍ പ്രതിരോധനിര തടഞ്ഞു. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങളുള്ളപ്പോള്‍ സെര്‍ബിയയുടെ സ്റ്റാനിസ മാന്‍ഡിക് സെര്‍ബിയക്ക് വേണ്ടി ഗോള്‍ നേടിക്കൊണ്ട് ടീമിന് മുന്‍തൂക്കം നല്‍കി. രണ്ടാം പകുതിയില്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ കളിച്ച ബ്രസീല്‍ ഇക്വലൈസര്‍ ഗോള്‍ നേടി. പിന്നീട് ഗോള്‍ വഴങ്ങാതെ എക്‌സ്ട്രാ ടൈം വരെ എത്തിച്ചെങ്കിലും അഞ്ച് തവണ ലോക ചാമ്പ്യന്മാരായിട്ടുള്ള ടീമിന്റെ പിന്മുറക്കാര്‍ക്ക് ലോകകപ്പില്‍ മുത്തമിടാന്‍ സാധിച്ചില്ല.
പകരക്കാരനായി ഇറങ്ങിയ ആന്‍ഡ്രിയാസ് പെരേരയാണ് ബ്രസീലിന് വേണ്ടി ഏകഗോള്‍ നേടിയത്. ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റത്തിലാണ് പെരേരയുടെ ഗോള്‍ പിറന്നത്. എക്‌സ്‌ട്രൈ ടൈം അവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രം ശേഷിക്കെയാണ് മാക്‌സിമോവിക്ക് സെര്‍ബിയക്ക് സ്വപ്‌നതുല്യമായ വിജയം നേടിക്കൊടുത്തുകൊണ്ട് ഗോള്‍വല ചലിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല