സ്വന്തം ലേഖകൻ: സ്വന്തം വീഡിയോയ്ക്ക് വ്യൂസ് കൂട്ടാന്‍ ബോധപൂര്‍വം വിമാനം തകര്‍ത്ത യുഎസ് യൂട്യൂബര്‍ക്ക് 20 കൊല്ലത്തെ ജയില്‍ശിക്ഷ ലഭിക്കുമെന്ന് അധികൃതര്‍. ട്രെവര്‍ ജേക്കബ് എന്ന യൂട്യൂബര്‍ വിചാരണ നേരിടാന്‍ ഒരുക്കമാണെന്ന് വ്യക്തമാക്കിയതായി ദ ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തു. മുപ്പത് ലക്ഷത്തിലധികം വ്യൂസാണ് ട്രെവര്‍ ജേക്കബിന്റെ ‘വിമാനം തകര്‍ക്കല്‍’ വീഡിയോ ഇതിനോടകം യൂട്യൂബില്‍ നേടിയത്. ഒന്നരക്കൊല്ലം മുമ്പാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
29 കാരനായ ട്രെവറിന്റെ പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് റദ്ദാക്കി. സിംഗിള്‍ എന്‍ജിനുള്ള ചെറുവിമാനം മനഃപൂര്‍വമായാണ് ട്രെവര്‍ തകര്‍ത്തതെന്ന് അധികൃതര്‍ പറഞ്ഞു. കാലിഫോര്‍ണിയയിലെ ലോസ് പദ്രേസ് നാഷണല്‍ ഫോറസ്റ്റില്‍ 2021 ഡിസംബറിലാണ് ട്രെവര്‍ ഈ സാഹസികകൃത്യം നടത്തിയത്.
‘ഞാനെന്റെ വിമാനം തകര്‍ത്തു’ എന്ന കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ആകാശത്ത് വെച്ച് വിമാനത്തില്‍ നിന്ന് പാരച്യൂട്ട് ഉപയോഗിച്ച് പുറത്തേക്ക് വരുന്ന ട്രെവറിനെ വീഡിയോയില്‍ കാണാം. വിമാനം പ്രവര്‍ത്തനരഹിതമായി എന്ന് ട്രെവര്‍ അവകാശപ്പെടുന്നുമുണ്ട്. കയ്യിലുള്ള സെല്‍ഫി സ്റ്റിക്ക് ഉപയോഗിച്ചാണ് ട്രെവറിന്റെ വീഡിയോ ചിത്രീകരണം. വിമാനത്തിന്റെ പലഭാഗങ്ങളിലായി ഘടിപ്പിച്ച ക്യാമറകള്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ നിയന്ത്രണം വിട്ട് വിമാനം താഴേക്ക് പതിക്കുന്നതും തകരുന്നതും കാണാം.
അപകടം യാഥാര്‍ഥ്യമാണോ എന്നായിരുന്നു ആകാശ യാത്രാതത്പരരുടെ ആദ്യസംശയം. ട്രെവര്‍ ആദ്യമേ തന്നെ പാരച്യൂട്ട് ധരിച്ചിരുന്നതിനാല്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് ആ സംശയം പാടേ തള്ളിക്കളഞ്ഞു. കൂടാതെ വിമാനം പ്രവര്‍ത്തനരഹിതമായെങ്കിലും ട്രെവര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെടാതിരുന്നതും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് ചൂണ്ടിക്കാട്ടി.
കേസിനെതിരെ ട്രെവര്‍ നല്കിയ ഹര്‍ജിയില്‍ താനൊരു പരിചയസമ്പന്നനായ പൈലറ്റും സ്കൈ ഡൈവറുമാണെന്ന് പറയുന്നു. താന്‍ മനഃപൂര്‍വം വിമാനം തകര്‍ത്തതാണെന്ന കാര്യവും ട്രെവര്‍ അംഗീകരിക്കുന്നുണ്ട്. വാദം കേള്‍ക്കല്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ശിക്ഷ വിധിക്കുമെന്നാണ് അധികൃതര്‍ നല്കുന്ന സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല