ക്യാന്‍സര്‍ രോഗത്തില്‍ നിന്ന് മോചിതനായ യുവരാജ് സിംഗിന്‍റെ എട്ടുമാസത്തെ കഠിന പരിശീലനത്തിന് ശേഷമുള്ള ആദ്യ പ്രാക്ടീസ് മത്സരം ബാംഗ്ലൂരില്‍ നടന്നു. മത്സരത്തില്‍ മോശമല്ലാത്ത പ്രകടനം കാഴ്ച്ചവച്ച യുവി 70 പന്തുകള്‍ നേരിട്ട് 47 റണ്‍സ് എടുക്കുകയും അഞ്ച് ഓവര്‍ പന്തെറിയുകയും ചെയ്തു. ഇതിനുപുറമെ 30 ഓവര്‍ ഫീല്‍ഡ് ചെയ്യാനും അദ്ദേഹം മടിച്ചില്ല.
തലയില്‍ ബാധിച്ച അപൂര്‍വ ക്യാന്‍സര്‍ രോഗത്തില്‍ നിന്ന് മോചിതനായി കഴിഞ്ഞ ഫെബ്രുവരിയിലാണ് യുവരാജ് സിംഗ് ക്രിക്കറ്റ് ലോകത്തേക്ക് മടങ്ങിയെത്തിയത്. തുടര്‍ച്ചയായ കീമോതെറാപ്പിക്കും റീഹാബിലിറ്റേഷനും ശേഷമാണ് ബാംഗ്ലൂരില്‍ പ്രാക്ടീസ് തുടങ്ങിയത്.
“ബാംഗ്ലൂരിലെ പ്രകടനം വലിയൊരു നേട്ടമായാണ് ഞാന്‍ കണക്കാക്കുന്നത്. ഇതില്‍ ഞാന്‍ തികച്ചും സന്തോഷവനാണ്. കൂടുതല്‍ മെച്ചപ്പെടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ” – മത്സരത്തിനുശേഷം യുവി അറിയിച്ചു.
വരാനിരിക്കുന്ന കളികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് യുവി ഇപ്പോള്‍. ട്വന്‍റി20 ലോകകപ്പ് ടീമില്‍ ഇടം നേടിയ യുവിയുടെ മാസ്മരിക ബാറ്റിംഗ് കാണാന്‍ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകര്‍.
ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഓള്‍റൌണ്ടര്‍മാരില്‍ ഒരാളാണ് യുവരാജ് സിംഗ്. 2007ലെ ട്വന്‍റി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്‍റെ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ ഒരോവറില്‍ നേടിയ ആറു കൂറ്റന്‍ സിക്സറുകളുടെ ആവേശം യുവി ആരാധകര്‍ മറന്നിട്ടില്ല. എതിരാളിയെ തച്ചുതകര്‍ക്കുന്ന ആ യുവരാജിനെയാണ് ഏവരും പ്രതീക്ഷകളോടെ കാത്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല