സ്വന്തം ലേഖകന്‍: ‘നിങ്ങള്‍ക്ക് വിശക്കുന്നുണ്ടോ, കൈയ്യില്‍ പണമില്ലേ, വരൂ, ഭക്ഷണം കഴിക്കൂ.’ ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ അനേകം റസ്റ്റോററ്റുകളില്‍ നിന്ന് സൈക്ക എന്ന ഇന്ത്യന്‍ റസ്റ്റോറന്റിനെ വ്യത്യസ്തമാക്കുന്നത് പുറത്തു തൂക്കിയിരിക്കുന്ന ഈ ബോര്‍ഡാണ്.
കൈയ്യില്‍ പണമില്ലാതെ വിശന്നുവലയുന്നവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കി ശ്രദ്ധേയരാവുകയാണ് സൈക്ക റസ്റ്റോറന്റ്. ദോഹയിലെ സമ്പന്നര്‍ താമസിക്കുന്ന ഗ്ലാസ് ടവറിന് അടുത്തുള്ള ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് റസ്റ്റോറന്റിന്റെ സ്ഥാനം.
ചെറുകിട വര്‍ക്ക്‌ഷോപ്പുകളും കുറഞ്ഞ ചെലവില്‍ താമസിക്കാനുള്ള മുറികളും ധാരാളമുള്ള ഈ പ്രദേശത്തെ താമസക്കാര്‍ അധികവും ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ നെട്ടോട്ടം ഓടുന്നവരാണ്.
എണ്ണ കച്ചവടത്തിന്റെ സമ്പന്നതയില്‍ തിളങ്ങി നില്‍ക്കുന്ന ദോഹയുടെ പുറം ജീവിതത്തിന്റെ മറവില്‍ വിയര്‍പ്പൊഴുക്കുന്ന, ആരാലും അറിയപ്പെടാത്ത, പല രാജ്യങ്ങളില്‍ നിന്നെത്തിയ പാവപ്പെട്ട മനുഷ്യരാണ് സൈക്ക റസ്റ്റോറന്റിലെ സന്ദര്‍ശകര്‍.
മൂന്നാഴ്ച മുമ്പാണ് സൈക്കയുടെ ഉടമകളായ ഇന്ത്യന്‍ സഹോദരന്മാര്‍ കൈയ്യില്‍ പണമില്ലാത്തവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചത്. ന്യൂഡല്‍ഹിയില്‍ നിന്ന് 13 വര്‍ഷം മുമ്പ് ഖത്തറിലെത്തിയ ഷദാബ്, നിഷാബ് എന്നീ സഹോദരന്മാരാണ് സൈക്ക യുടെ ഉടമകള്‍.
സൗജന്യ ഭക്ഷണം എന്ന ആശയം തന്റെ നിഷാബിന്റെ തലയില്‍ ഉദിച്ചതാണെന്ന് ഷദാബ് പറയുന്നു. വെറും 2.3 മില്യണ്‍ ജനസംഖ്യയുള്ള ഖത്തറില്‍ ഏഴു ലക്ഷം മുതല്‍ പത്തു ലക്ഷം വരെ വിദേശ തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്ക്.
800 മുതല്‍ 1000 റിയാല്‍ വരെയാണ് ഇവരില്‍ ഭൂരിഭാഗത്തിന്റേയും ശരാശരി മാസ വരുമാനം. ഇതില്‍ നല്ലൊരു പങ്കും അവര്‍ നാട്ടിലേക്ക് അയച്ചു കൊടുക്കുന്നു. മാസാവസാനം ആകുമ്പോഴേക്കും കൈയ്യിലെ പണം തീരുന്ന വലിയൊരു വിഭാഗം തൊഴിലാളികള്‍ക്ക് അനുഗ്രഹമാകുകയാണ് സൈക്കയുടെ ദയ. ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നിര്‍മ്മാണ തൊഴിലാണികളാണ് സൈക്കയിലെ നിത്യ സന്ദര്‍ശകര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല