സ്വന്തം ലേഖകന്‍: വിവാദ മതപ്രഭാഷകന്‍ സക്കിര്‍ നായികിനെ നാടുകടത്തില്ല; ഇന്ത്യയുടെ ആവശ്യം തള്ളി മലേഷ്യന്‍ സര്‍ക്കാര്‍. മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദാണ് ഇക്കാര്യം വ്യക്തമാക്കിയത്. സക്കീര്‍ നായിക്കിനെ വിട്ടുതരണമെന്ന് ഇന്ത്യ ഔദ്യോഗികമായി മലേഷ്യയോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് മലേഷ്യന്‍ പ്രധാനമന്ത്രി നിലപാട് അറിയിച്ചത്. സാക്കിര്‍ നായിക്കിന്റെ ഭാഗത്തുനിന്ന് പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അതിനാല്‍ തന്നെ അദ്ദേഹത്തെ തിരിച്ചയക്കാനാകില്ലെന്നും പറഞ്ഞ പ്രധാനമന്ത്രി സാക്കിറിന് മലേഷ്യ സ്ഥിരതാമസത്തിനുള്ള അവസരം നല്‍കിയതായും കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും മലേഷ്യയും തമ്മില്‍ കുറ്റവാളികളെ കൈമാറാന്‍ കരാര്‍ നിലവിലുണ്ട്. ഇതുപ്രകാരമാണ് സക്കീര്‍ നായിക്കിനെ വിട്ടിതരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്. അപേക്ഷ മലേഷ്യന്‍ അധികൃതരുടെ സജീവ പരിഗണനയിലാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സക്കീര്‍ നായിക്കിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയത്.
നേരത്തെ സക്കീര്‍ ഇന്ത്യയിലേക്ക് വരുന്നുവെന്ന മാധ്യമവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു എന്നാല്‍ സാക്കിര്‍ ഇത് നിഷേധിക്കുകയാണുണ്ടായത്. ഇന്ത്യയിലേക്ക് താന്‍ ഉടന്‍ മടങ്ങുന്നില്ലെന്നു പറഞ്ഞ സാക്കിര്‍ നീതിയുക്തമല്ലാത്ത വിചാരണയില്‍ വിശ്വസിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നീതിപൂര്‍വമായ നിലപാട് ഉണ്ടാകുമ്പോഴേ മടക്കമുള്ളൂ എന്നുമായിരുന്നു പറഞ്ഞത്. യുവാക്കളെ ഭീകരവാദത്തിലേക്ക് ആകൃഷ്ടരാക്കുന്ന തരത്തില്‍ പ്രസംഗിച്ചത് സംബന്ധിച്ച അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ 2016 ലാണ് സക്കിര്‍ ഇന്ത്യ വിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല