അപ്പച്ചന്‍ കണ്ണന്‍ചിറ
ഇംഗ്ലണ്ട്: യൂറോപ്പില്‍ സീറോ മലബാര്‍ സഭക്കായി ബ്ലാക്ക് പൂളില്‍ ഒരു വ്യക്തിഗത ഇടവക സാക്ഷാല്‍ക്കരിച്ചതിനു പുറമേ സഭക്ക് സ്വന്തമായി അഭിമാനാര്‍ഹമായി ഒരു ദേവാലയവും,വ്യക്തിഗത ഇടവകയും കൂടി നേടിത്തന്ന റവ.ഡോ.മാത്യു ജേക്കബ് ചൂരപൊയികയില്‍ തന്റെ അജപാലന ശുശ്രുഷയുടെ അംഗീകാര കിരീടത്തില്‍ മറ്റൊരു പൊന്‍ തൂവല്‍ കൂടി ചാര്‍ത്തുമ്പോള്‍ സീറോ മലബാര്‍ സഭക്ക് ഊര്‍ജ്ജവും, അനന്യതയും, പ്രതീക്ഷയും പകരുന്നു.
‘പ്രീസ്റ്റ് ടൌണില്‍’ (വൈദീകരുടെ നഗരിയില്‍) തന്നെ സ്വന്തമായി ഒരു ദേവാലയവും, പേര്‍സണല്‍ പാരീഷും ലഭിച്ചത് അഭിമാനത്തിനു ഏറെ മാനം നല്‍കുകയും ചെയ്യുന്നു.’വിളവിന്റെ നാഥന്‍’ യു കെ യില്‍ പ്രത്യേകമായി ആത്മീയ അനുഗ്രഹീത വിത്ത് പാകിയ ഇടം എന്ന് ഖ്യാതി നേടിയ പ്രിസ്റ്റനില്‍ ആണ് യു കെ യുടെ അജപാലന ശുശ്രുഷകള്‍ക്കായി സേവനം ചെയ്ത വൈദികരില്‍ ഭൂരിപക്ഷവും ജനിച്ചതും ഇന്നും യു കെ യില്‍ ആത്മീയ സേവനം ചെയ്തു വരുന്നവരും. ‘പ്രീസ്റ്റ് ടൌണ്‍’ എന്നറിയപ്പെട്ടിരുന്ന ഈ അജപാലന ശുശ്രുഷക സ്രോതസ്സ് ആണ് ‘പ്രിസ്റ്റണ്‍’ ഇന്ന് ചുരുക്ക പേരില്‍ പിന്നീട് മാറിയതത്രേ.ആ അജപാലന ശുശ്രുഷകരുടെ മഹനീയ കേന്ദ്രമായ പ്രിസ്റ്റനില്‍ തന്നെ ലങ്കാസ്റ്റര്‍ ചാപ്ലിന്‍ മാത്യു ചൂരപൊയികയില്‍ അച്ചന്‍ നേടിത്തന്ന ദേവാലയവും, പേര്‍സണല്‍ പാരീഷും യു കെ യിലെ സീറോ മലബാര്‍ സഭക്ക് യശസ്സ് വീണ്ടും ഉന്നതമാക്കിയിരിക്കുന്നു.
പ്രിസ്റ്റനിലെ ദൈവ മക്കള്‍ ആത്മീയ,സാമൂഹ്യ മേഖലകളില്‍ യു കെ യില്‍ എന്നും ശ്രദ്ധേയമായ മാതൃകാ കൂട്ടായ്മ്മയാണ്. സഭാ ദിനങ്ങളും, വിശുദ്ധരുടെ ഓര്‍മ്മ ദിവസങ്ങളും ഭക്തി നിര്‍ഭരമായി ആചരിക്കുകയും നാട്ടിലെ പല സന്നിഗ്ധ ഘട്ടങ്ങളിലും കൈത്താങ്ങാവുകയും, പാരമ്പര്യങ്ങളും, പൈതൃകവും മുറുകെ പിടിക്കുകയും ചെയ്യുന്ന പ്രിസ്റ്റണ്‍ വിശ്വാസി സമൂഹം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ സുഫലവും, അനുഗ്രഹവും ആയി സ്വന്തം ദെവാലയത്തെയും വ്യക്തിഗത ഇടവകയെയും കാണുന്നു.എല്ലാ വ്യാഴാഴ്ചകളിലും വി. അല്‍ഫോന്‍സാമ്മയോടുള്ള നൊവേനയും,വി.കുര്‍ബ്ബാനയും, ദിവ്യകാരുണ്യ ആരാധനയും മുടങ്ങാതെ ഭക്തി പുരസ്സരം നടത്തി വരുന്ന പ്രിസ്റ്റണ്‍ ദൈവ മക്കള്‍ക്ക് ഇനി വി.അല്‍ഫോന്‍സാമ്മയുടെ നാമധേയത്തില്‍ അനുവദിച്ചു തന്ന തങ്ങളുടെ ഇടവക തന്നെ മാദ്ധ്യസ്ഥ കേന്ദ്രമായി എന്നതില്‍ തീര്‍ത്തും ചാരിതാര്‍ത്ത്യം നുകരാം. വി.അല്‍ഫോന്‍സാമ്മയുടെ നാമധേയത്തില്‍ വ്യക്തിഗത ഇടവക പ്രിസ്റ്റനില്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അനുഗ്രഹ വാതായനം തുറക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്നു.
അജപാലന സേവനത്തിനും, ആത്മീയ നൈപുണ്യത്തിനും, സഭാ സ്‌നേഹത്തിനും അതിലേറെ വിശ്വാസി കൂട്ടത്തിന്റെ അച്ചുതണ്ട് ആയി അവരെ കൂട്ടിയിണക്കി ആത്മീയ ധാരയില്‍ നിലനിറുത്തിയതിന്റെ അംഗീകാര പത്രമാണിതെന്നു ഈ നേട്ടത്തെ നിശ്ശംശയം പറയാം.ലങ്കാസ്റ്റര്‍ രൂപതയില്‍ തന്റെ ആത്മീയ സേവന ദൗത്യം അര്‍പ്പണ മനോഭാവത്തോടെ നിര്‍വ്വഹിക്കുകയും, തന്റെ പ്രവര്‍ത്തന പരിചയ സമ്പത്തും, പൌരോഹിത്യ ജീവിത അനുഭവവും, മതബോധന രംഗത്തെ ജ്ഞാനവും,ധ്യാന ചിന്തകളും യു കെ യില്‍ നിരവധി വിശ്വാസ കേന്ദ്രങ്ങളില്‍ പകര്‍ന്നു നല്കുവാന്‍ കഴിഞ്ഞിട്ടുള്ള തീക്ഷ്ണ സഭാ സ്‌നേഹി കൂടിയാണ് മാത്യു അച്ചന്‍.
ലങ്കാസ്റ്റര്‍ രൂപതാ അദ്ധ്യക്ഷന്‍ ബിഷപ്പ് മൈക്കില്‍ കാംപ്‌ബെല്‍ മാത്യു അച്ചന്റെ അജപാലന ശുശ്രുഷകളില്‍ ആക്രുഷ്ടനായും, ദിവ്യ കാരുണ്യ സമൂഹത്തിന്റെ കുര്‍ബ്ബാന കേന്ദ്ര അനിവാര്യത മനസ്സിലാക്കിയും അനുവദിച്ചു നല്‍കിയ അനുഗ്രഹമാണ് സീറോ മലബാര്‍ സഭക്ക് ഈ നേട്ടം കൈവരിക്കുവാന്‍ സാധിച്ചത്.
ഇടവകയുടെയും, ദേവാലയത്തിന്റെയും ഔദ്യോഗിക പ്രതിഷ്ടാ കര്‍മ്മം സീറോ മലബാര്‍ സഭയുടെ പരമോന്നത ശ്രേഷ്ട ഇടയന്‍ അഭിവന്ദ്യ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവും, ലങ്കാസ്റ്റര്‍ രൂപതാദ്ധ്യക്ഷന്‍ ബഹുമാനപ്പെട്ട ബിഷപ്പ് മൈക്കിള്‍ കാംപെല്ലും,യു കെ കോര്‍ഡിനേട്ടര്‍ തോമസ് പാറയടിയില്‍ അച്ചനും അടക്കം സഭയുടെ വിശിഷ്ട അധികാരികളുടെ സാന്നിദ്ധ്യത്തില്‍ ആഘോഷമായി നടത്തുന്നതിനു പ്രിസ്റ്റണ്‍ ദിവ്യ കാരുണ്യ സമൂഹം ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.യൂറോപ്പില്‍ സീറോ മലബാര്‍ സഭക്ക് ആമുഖ വാതില്‍ തുറക്കുവാന്‍ കഴിഞ്ഞ മാത്യു ചൂരപൊയികയില്‍ അച്ചനും, അതിനു ഉറച്ച പിന്‍ ബലം നല്‍കിപ്പോരുന്ന ബ്ലാക്ക് പൂള്‍, പ്രിസ്റ്റണ്‍ തുടങ്ങി ലങ്കാസ്റ്ററിലെ മുഴുവന്‍ കുര്‍ബ്ബാന കേന്ദ്രങ്ങളിലെ വിശ്വാസി സമൂഹവും സീറോ മലബാര്‍ സഭയുടെ അഭിമാനമായി എക്കാലത്തും ഉയര്ന്നു നില്ക്കും എന്ന് തീര്‍ച്ച.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല