പ്രിസ്റ്റണ്‍ : യൂറോപ്പില്‍ സീറോ മലബാര്‍ സഭയുടെ വളര്‍ച്ചക്കും, അംഗീകാരത്തിനും നാന്ദി കുറിച്ച് കൊണ്ട് കൈവരിച്ച പ്രഥമ ദേവാലയവും,രണ്ടു വ്യക്തിഗത ഇടവകകളും സന്ദര്‍ശിക്കുന്നതിനു സീറോ മലബാര്‍ സഭയുടെ മൈഗ്രന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ പിതാവ് 17 നു ഞായറാഴ്ച പ്രിസ്റ്റനില്‍ എത്തുന്നു.യു കെ സീറോ മലബാര്‍ കോര്‍ഡിനേട്ടര്‍ ഫാ. തോമസ് പാറയടിയില്‍, വടക്കേല്‍ പിതാവിനെ അനുധാവനം ചെയ്യുന്നുണ്ട്.
മെയ് 17 നു ഞായറാഴ്ച രാവിലെ 9:30 നു പ്രിസ്റ്റണ്‍ ദേവാലയത്തില്‍ എത്തിച്ചേരുന്ന ലങ്കാസ്റ്റര്‍ ബിഷപ്പ് മൈക്കിള്‍ കാംപ്‌ബെല്ലിനെയും, മൈഗ്രന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ വടക്കേല്‍ പിതാവിനെയും സഭയുടെ അഭിമാന കേന്ദ്രങ്ങളായി മാറിയ പ്രിസ്റ്റണ്‍, ബ്ലാക്ക് പൂള്‍ തുടങ്ങി ലങ്കാസ്റ്റര്‍ രൂപതയിലെ മുഴുവന്‍ സീറോ മലബാര് വിശ്വാസി മക്കളും ചേര്‍ന്ന് ഊഷ്മള വരവേല്‍പ്പ് നല്‍കി സ്വീകരിക്കും.സീറോ മലബാര്‍ സഭക്ക് ഈ സംവിധാനങ്ങള്‍ അനുവദിച്ചു അനുഗ്രഹിച്ച ലങ്കാസ്റ്ററിലെ രൂപതാദ്ധ്യക്ഷന്‍ മൈക്കിള്‍ കാംപ്‌ബെല്‍ പിതാവിനെ നേരില്‍ കണ്ടു സെബാസ്റ്റ്യന്‍ വടക്കേല്‍ പിതാവ് സഭയുടെ ഔദ്യോഗികമായ നന്ദിയും, കടപ്പാടും തഥവസരത്തില്‍ അറിയിക്കും.
സീറോ മലബാര്‍ സഭയുടെ ലങ്കാസ്റ്ററിലെ ചാപ്ലിനും, സഭക്ക് ഈ നേട്ടം കൈവരിക്കുന്നതില്‍ അര്‍പ്പണ മനോഭാവത്തോടെ മുഖ്യ പ്രവര്‍ത്തനം നടത്തുകയും ചെയ്ത ഇടവക വികാരി മാത്യു ചൂരപോയികയില്‍ അച്ചന്‍, തന്റെ ശ്രദ്ധേയമായ അജപാലന സേവന മികവും,ലങ്കാസ്റ്റര്‍ രൂപതയില്‍ നേടിയെടുത്ത വിശ്വാസവും, ബന്ധവും സഭക്ക് മുതല്‍ക്കൂട്ട് ആക്കുകയായിരുന്നു. ലങ്കാസ്റ്റര്‍ രൂപതയിലെത്തുന്ന വിഷിഷ്ടാതിതികളെ മാത്യു അച്ചന്‍ സ്വാഗതം ചെയ്യുന്നതായിരിക്കും.
അച്ചന്റെ നേതൃത്വത്തില്‍ നല്കുന്ന സ്വീകരണത്തിനു ശേഷം ആഘോഷമായ സമൂഹ കൃതജ്ഞതാബലി അര്‍പ്പിക്കും. വടക്കേല്‍ പിതാവ് മുഖ്യ കാര്‍മ്മീകത്വം വഹിക്കും. ബിഷപ്പ് മൈക്കിള്‍ അനുഗ്രഹ പ്രഭാഷണം നല്‍കുന്നതായിരിക്കും.തോമസ് പാറയടിയില്‍ അച്ചനും, മാത്യു ചൂരപൊയികയില്‍ അച്ചനും സഹ കാര്‍മ്മികരാവും.വടക്കേല്‍ പിതാവ് സഭാ മക്കള്‍ക്ക് സന്ദേശം നല്കുന്നതുമാണ്.
സീറോ മലബാര്‍ സഭയുടെ വി.അല്‍ഫോന്‍സാ പാരീഷില്‍ നടത്തപ്പെടുന്ന കൃതജ്ഞതാ ബലിയിലും,സ്വീകരണത്തിലും എല്ലാ ദൈവ മക്കളുടെയും പങ്കാളിത്തം അഭ്യര്‍ത്തിക്കുന്നതായി മാത്യു അച്ചനും, പാരീഷ് കമ്മിറ്റിയും അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല