1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2015

അജിമോന്‍ ഇടിക്കര

പരിശുദ്ധ കന്യകാമറിയത്തിന്റേയും മാര്‍ തോമാ ശ്ലീഹായുടേയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും തിരുനാളുകള്‍ സംയുക്തമായി കഴിഞ്ഞ ഞായറാഴ്ച ഗ്ലോസ്റ്റര്‍ഷയര്‍ മാറ്റ്‌സണിലെ വിശുദ്ധ അഗസ്തീനോസിന്റെ ദൈവാലയത്തില്‍ വച്ചു ഗ്ലോസ്റ്റര്‍ഷയര്‍ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു.

നെറ്റിപട്ടം കെട്ടിയ കരിവീരന്മാരും കൊടിതോരണങ്ങളും ചെണ്ടമേളവും മുത്തുക്കുടകളും കൊടികളും നേര്‍ച്ചയും കഴുന്നെടുപ്പും കണ്മഷിയും ചാന്തും കുപ്പിവളയും മുത്തുമാലയും വില്ക്കുന്ന വെച്ചുവാണിഭ കടകളും എന്ന് വേണ്ട ഒരു സുറിയാനി ക്രിസ്ത്യാനിയുടെ എല്ലാ വിധ ഗൃഹാതുരത്വ സ്മരണകളേയും ഉണര്‍ത്തുവാന്‍ സഹായിച്ച ഒരു അവിസ്മരണീയ ദിവസമായിരുന്നു ഇത്. നാട്ടിന്‍പുറത്തെ പെരുന്നാള്‍ കാഴ്ചകളും ആരവങ്ങളും കൊടി തോരണങ്ങളും എല്ലാം കൂടി ദേവാലയ പരിസരം ഒരു കൊച്ചു കേരളമാക്കി മാറ്റി. ചെണ്ടമേളവും സ്വര്‍ണ്ണക്കുരിശും വെള്ളിക്കുരിശും മുത്തുക്കുടകളും കൊടികളും അലങ്കരിച്ച വലിയ രൂപക്കൂടുകളിലായി ഒരുക്കിയ തിരുസ്വരൂപങ്ങളും ഒക്കെ ആയി നീങ്ങിയ വര്‍ണ്ണാഭവും ഭക്തിസാന്ദ്രവുമായ പ്രദക്ഷിണം വീഡിയോയില്‍ പകര്‍ത്തുവാന്‍ തദ്ദേശവാസികള്‍ പോലും തിരക്ക് കൂട്ടുകയായിരുന്നു. ദേവാലയ കവാടത്തില്‍ ഒരുക്കിയ നെറ്റിപട്ടം അണിഞ്ഞ ഗജവീരന്മാര്‍ക്കൊപ്പം ഫോട്ടോ എടുക്കുവാനും തദ്ദേശവാസികള്‍ക്കായിരുന്നു കൂടുതല്‍ താല്പര്യം.

 

കൊടിയേറ്റിനു തൊട്ടുമുമ്പ് ആര്‍ത്തലച്ചു പെയ്ത മഴ ‘ആറാനതോടെ ഒഴുകുന്ന തോറാന’യുടെ അതേ അനുഭൂതി തന്നെ നല്കി. പതാക വെഞ്ചിരിപ്പിനും കൊടിയേറ്റിനുമായി ദേവാലയ അങ്കണത്തിലേക്ക് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ആണ് വൈദീക ശ്രേഷ്ടരെ പ്രസുദേന്തിമാരും പള്ളിക്കമ്മിറ്റി അംഗങ്ങളുംകൂടി ആനയിച്ചത്.

 

ജ്വലിക്കുന്ന വിശ്വാസത്തിന്റെ ഉത്തമ മാതൃകയായ വിശുദ്ധ തോമാശ്ലീഹയുടെ പ്രേഷിത ചൈതന്യവും പരിശുദ്ധ മാതാവിന്റെ അടിയുറച്ച ദൈവസ്‌നേഹവും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സഹനവും നൈര്‍മല്യവും വിശുദ്ധിയും സ്വജീവിതത്തിലും കുടുംബങ്ങളിലും സ്വീകരിച്ചു ആത്മീയ നിറവിലും അഭിഷേകത്തിലും പൂരിതരാകുവാന്‍ ഭക്തജങ്ങളെ സഹായിച്ച ഈ സംയുക്ത തിരുന്നാള്‍ മഹാമഹത്തിന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മാറ്റ്‌സണ്‍ സെന്റ് അഗസ്റ്റിന്‍ പള്ളി വികാരി റവ. ഫാ റിച്ചാര്‍ഡ് ബാര്‍ട്ടന്‍ പതാക ഉയര്‍ത്തി തുടക്കം കുറിച്ചു. പന്നീട് നടന്ന തിരുന്നാള്‍ പ്രസുദേന്തി വാഴിക്കലിനു ശേഷം ഫാ ടോമി ചിറയ്ക്കല്‍ മണവാളന്‍, ഫാ ജിജോ ഇണ്ടിപറമ്പില്‍ (സിഎസ്ടി), ഫാ സിറിള്‍ ഇടമന (എസ്ഡിബി), ഫാ. സഖറിയാസ് കാഞ്ഞൂപറമ്പില്‍ എന്നീ പുരോഹിതരുടെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുന്നാള്‍ റാസ കുര്‍ബാന നടന്നു. ഫാ ടോമി ചിറയ്ക്കല്‍ മണവാളന്‍ ആയിരുന്നു റാസാ കുര്‍ബാനയുടെ പ്രധാന കാര്‍മ്മികന്‍. ഫാ ജിജോ ഇണ്ടിപറമ്പില്‍ (സിഎസ്ടി), ആത്മബന്ധമുള്ള, ഹൃദയ സ്പര്‍ശിയായ തിരുന്നാള്‍ സന്ദേശം നല്കി. ഗ്‌ളോസ്റ്റര്‍ ചര്‍ച്ച് ക്വയറിലെ അനുഗ്രഹീത ഗായകരായ സോണി ജോസഫ്, റിനി റോസ്, ബില്‍ജി ലോറന്‍സ്, ജൂബി സന്തോഷ്, സില്‍വിയ ബെന്നി, വിനയ ജോജി, സജി വര്‍ഗീസ്, ബിനുമോന്‍ കുര്യാക്കോസ് എന്നിവരുടെ ശ്രുതിമധുരമായ ഗാനാലാപനം തിരുന്നാള്‍ കര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമാക്കി.

 

യൂകെയിലെ ക്രിസ്ത്യന്‍ മലയാളി സമൂഹത്തിനു അപൂര്‍വ്വമായി മാത്രമാണു ആഘോഷകരമായ റാസ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ ഭാഗ്യം ലഭിക്കുന്നത്. തിരുന്നാള്‍ റാസാ കുര്‍ബാനയ്ക്ക് ശേഷം ലദീഞ്ഞോടെ ആണ് പ്രദക്ഷിണം ആരംഭിച്ചത്. പരിശുദ്ധ മാതാവിന്റെയും മാര്‍ തോമ്മാശ്ലീഹായുടെയും അല്‌ഫോന്‍സാമ്മയുടെയും സെബസ്ത്യാനോസ് പുണ്യാളന്റേയും തിരുസ്വരൂപങ്ങള്‍ വച്ച പുതുപൂക്കളാല്‍ അലങ്കരിച്ച രൂപക്കൂടുകള്‍ക്കൊപ്പം, വെള്ളി കുരിശും സ്വര്‍ണ്ണ കുരിശും മാര്‍തോമ്മ കുരിശും നൂറുകണക്കിന് മുത്തുകുടകളും, കൊടികളും, സ്വിന്‍ഡന്‍ സ്റ്റാര്‍സിന്റെ ചെണ്ടമേളവും ഒക്കെയായി ആബാലവൃദ്ധ വിശ്വാസികളും ഉത്സാഹത്തോടെ വര്‍ണശബളമായ പ്രദക്ഷിണത്തില്‍ പങ്കെടുത്തു. തിരുന്നാളിനോടനുബന്ധിച്ചു നാട്ടിലെ പള്ളികളിലെ പോലെ തന്നെ കഴുന്നു എടുക്കുവാനും നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിക്കുന്നതിനും അവസരമുണ്ടായിരുന്നു. തിരുനാള്‍ വേളയില്‍ ഗ്ലോസ്റ്റര്‍ മലയാളി സമൂഹത്തിലെ നാലും അതില്‍ കൂടുതലും മക്കളുള്ളവരെ ആദരിക്കുന്ന പതിവനുസരിച്ച് ഈ വര്‍ഷം സഖറിയാസച്ചനില്‍ നിന്നും പൊന്നാടയും ആദരവും ആശംസകളും ഏറ്റുവാങ്ങുവാന്‍ ഭാഗ്യമുണ്ടയത് തോമസ് കോടങ്കണ്ടത്ത്- റെനി ദമ്പതികള്‍ക്കും ഓക്‌സ്‌ഫോര്‍ഡില്‍ നിന്നും ഈ അടുത്ത കാലത്ത് ഗ്ലോസ്റ്റ്‌റിലേയ്ക്കു താമസം മാറിയ ബിനു ജോണ്‍- ബീന ദമ്പതികള്‍ക്കുമാണ്.

 

യൂകെയില്‍ അങ്ങോളമിങ്ങോളം ഉള്ള ചെണ്ട മേളക്കാരുടെ ഇടയില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഒരേ താളത്തിലും ലയത്തിലും കൊട്ടിക്കയറുന്ന സ്വിന്‍ഡന്‍ സ്റ്റാര്‍സിന്റെ മാസ്മരിക പ്രകടനം തിരുനാള്‍ ആവേശം ഉച്ചസ്ഥായിലാക്കി. സ്വാദിന്റേയും ആസ്വാദ്യതയുടെയും കാര്യത്തില്‍ തിരുനാള്‍ കമ്മിറ്റി ക്രമീകരിച്ചിരുന്ന ഭക്ഷണത്തെ നിഷ്പ്രഭമാക്കുന്ന ഫുഡ് സ്റ്റാള്‍ ആയിരുന്നു, മിതമായ വിലയ്ക്ക് യൂത്ത് വിംഗ് ഒരുക്കിയിരുന്നത്. കപ്പ ബിരിയാണി, ബോണ്ട, സുഖിയന്‍, പഴംപൊരി, കൊഴുക്കട്ട, പപ്‌സ് തുടങ്ങിയ ചൂട് നാടന്‍ പലഹാരങ്ങള്‍ മലയാളികളുടെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന നാടന്‍ കണ്ണാടി അലമാരയില്‍ നിറച്ചത്, മുഴുവന്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞു.

പ്രവാസി മലയാളികളുടെ വിശ്വാസ പൈതൃകവും കൂട്ടായ്മ ജീവിതവും ഊട്ടി ഉറപ്പിക്കുന്നതിനും സഭാത്മക ജീവിതം ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു സുവര്‍ണാവസരമായി ഈ തിരുന്നാള്‍ ദിനം ഒരുക്കിയതില്‍ ഇടവകയുടെ ആത്മീയ പിതാവായ ഫാ. സിറിള്‍ ജോണ്‍ ഇടമനയും കൈക്കാരന്‍മാരായ ഫിലിപ്പ് കണ്ടോത്തും സജി മാത്യുവും സംയുക്തമായി മാറ്റ്‌സണ് സെന്റ് അഗസ്റ്റിന്‍ പള്ളി വികാരി റവ. ഫാ റിച്ചാര്‍ഡ് ബാര്‍ട്ടനോടും അടുത്ത ഇടവകകളായ ചെല്‍റ്റനം, സ്വിണ്ടന്‍ , വൂസ്റ്റര്‍ എന്നിവിടങ്ങളില്‍ നിന്ന് വന്നവരോടും ഗ്‌ളോസ്റ്റര്‍ മലയാളി ക്രിസ്ത്യന്‍ സമൂഹത്തിനോടുള്ള ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. റിയോണാ രാജീവ്, ഡെല്ല ജിംസണ്‍ , ഡോമിനിക് ഫിലിപ്പ്, ജോര്‍ജ് കോടംകണ്ടത്ത്, കെവിന്‍ ബേബി, സാനിയ ജോഷി, ഡെറിക് ജോസഫ് കോട്ടുപ്പള്ളി, ഐറീന്‍ ജൂബി, എല്‍വിസ് സ്‌കറിയ ഇടക്കര, റയാന്‍ ബെന്നി, ഷാര്‍ലറ്റ് എലിസബത്ത് ജോസ്, ജോയല്‍ സജി എന്നീ കുട്ടികള്‍ മാലാഖാമാരെ പോലെ, പരിശുദ്ധിയുടെ വെള്ള വസ്ത്രങ്ങള്‍ അണിഞ്ഞു, സമൂഹത്തിനു വേണ്ടി തിരുന്നാള്‍ പ്രസുദേന്തിമാര്‍ ആയതും പുതുമ ആയിരുന്നു. കമ്മിറ്റി അംഗങ്ങളായ ബെന്നി ഉലഹന്നാന്‍, രാജേഷ് മാത്യൂ, ജോജി കുരുവിള, ജോജി തോമസ്, ജോബി ഫ്രാന്‍സിസ്, മനോജ് ജേക്കബ്, ജയ്‌സണ്‍ ബോസ്, ബേബി ജോര്‍ജ് എന്നിവരുടെ മേല്‍നോട്ടത്തില്‍ ആയിരുന്നു സമൂഹം ഒറ്റക്കെട്ടായി ഈ തിരുന്നാളിനെ ഗ്ലോസ്റ്റര്‍ മലയാളി സമൂഹത്തിന്റെ അവിസ്മരണീയ ദിവസം ആക്കി മാറ്റിയത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.