അപ്പച്ചന്‍ കണ്ണന്‍ചിറ
ലണ്ടന്‍:വെസ്റ്റ്മിന്‍സ്റ്റര്‍ അതിരൂപതാദ്ധ്യക്ഷന്‍,അഭിവന്ദ്യ കര്‍ദ്ധിനാള്‍ വിന്‍സെന്റ് നിക്കോളസ് പ്രസിഡണ്ടായുള്ള സൊസൈറ്റി ഓഫ് സെന്റ് ജോണ്‍സ് ക്രിസോസ്റ്റത്തിന്റെ ആഭിമുഖ്യത്തില്‍ ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക ഭദ്രാസന ദേവാലയത്തില്‍ വെച്ച് നടത്തിയ പൌരസ്ത്യ കത്തോലിക്കാ സഭകളുടെ സംഗമം പ്രൌഡഘംഭീരമായി.സീറോ മലബാര്‍ സഭക്ക് പ്രാമുഖ്യം കൊടുത്ത് കൊണ്ട് യു കെ യില്‍ ഇദംപ്രഥമമായി നടത്തപ്പെട്ട ആഘോഷത്തില്‍ പ്രശസ്ത ഗവേഷകനും,സംഗീതഞ്ജനുമായ റവ.ഡോ.ജോസഫ് പാലക്കല്‍ (സി.എം.ഐ) സീറോ മലബാര്‍ സഭക്ക് അഭിമാനവും, പ്രവാസി പുതു തലമുറയെ സഭയോടൊപ്പം സമ്പന്നമായ പാരമ്പര്യം കാത്തു സൂക്ഷിച്ചു കൊണ്ട് ആവേശപൂര്‍വ്വംകൂട്ടി നടത്തുവാന്‍ ഉതകുന്ന ആഘോഷമായ ഇംഗ്ലീഷ് പാട്ട് കുര്‍ബ്ബാനയെ പരിചയപ്പെടുത്തിക്കൊണ്ടും സംഗമത്തിന്റെ ഭാഗമായി നടത്തിയ സീറോ മലബാര്‍ ദിനാഘോഷം സഭാ പ്രഘോഷണോത്സവമാക്കി മാറ്റി. ആഘോഷമായ ഇംഗ്ലീഷ് പാട്ട് കുര്‍ബ്ബാന സീറോ മലബാര്‍ സഭക്ക് വേണ്ടി തയ്യാറാക്കുന്നതില്‍ പ്രമുഖ പങ്കു വഹിച്ച വ്യക്തി കൂടിയാണ് റവ.ഡോ.ജോസഫ് പാലക്കല്‍.
ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ ബിഷപ്പ് അഭിവന്ദ്യ മാര്‍ ഹീബ്ലി ആമുഖമായി ഏവരെയും സ്വാഗതം ചെയ്യുകയും പിതാവും സീറോ മലബാര്‍ സഭയുമായുള്ള അടുപ്പവും കേരള സന്ദര്‍ശനവും, സിനഡില്‍ പങ്കെടുത്തുമുള്ള ബന്ധം വരെ വികാര വായ്‌പ്പോടെയാണ് പിതാവ് സംസാരിച്ചത്.തുടര്‍ന്ന് ഇംഗ്ലീഷ് ഭാഷയില്‍ ആഘോഷമായ പരിശുദ്ധ കുര്‍ബ്ബാന ഫാ.ജോസഫ് പാലക്കലിന്റെ മുഖ്യ കാര്‍മ്മീകത്വത്തില്‍ നടത്തപ്പെട്ടു. ആരാധനാക്രമ പണ്ഡിതനും,ധ്യാന ഗുരുവും,ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലിനുമായ റവ.ഡോ.ലോനപ്പന്‍ അരങ്ങാശ്ശേരി,വെംബ്ലി പാരീഷ് അസ്സിസ്റ്റന്റ്റ് ഫാ.ജോസഫ് കടുത്താനം സി.എം.ഐ എന്നിവരോടൊപ്പം റവ.ഫാ.മാര്‍ക്ക് വുഡ്‌റഫ്, ബിഷപ്പ് മാര്‍ ഹ്ലീബ് എന്നിവരും സഹകാര്‍മ്മീകരായി കുര്‍ബ്ബാനയില്‍ പങ്കു ചേര്‍ന്നു.
ധാരാളം ഐക്കണുകള്‍ക്കൊണ്ട് അലങ്കരിക്കപ്പെട്ട മനോഹരമായ ഭദ്രാസന ദേവാലയത്തില്‍ ‘പുദ്കാനകോന്‍’ എന്ന പുരാതന സുറിയാനി ഗീതം ആലപിച്ചുകൊണ്ടാണ് ആഘോഷമായ ഇംഗ്ലീഷ് കുര്‍ബ്ബാന ആരംഭിച്ചത്.ത്രീയേക ദൈവത്തെ പുകഴ്ത്തുന്ന ‘കന്തീശാ ആലാഹാ’ എന്ന സുറിയാനി ഗീതവും ആലപിക്കപ്പെട്ടു.
ഉക്രേനിയന്‍ ഗ്രീക്ക് സഭാ പാരമ്പര്യത്തില്‍ കര്‍ട്ടനുകള്‍ക്ക് പകരം ഐക്കണുകള്‍ കൊണ്ടലങ്കരിച്ച ഐക്കണോസ്റ്റാസിസ് പരിശുദ്ധ മദ്ബഹായെ ഹൈക്കലായില്‍ നിന്നും വേര്‍തിരിച്ചിരിക്കുന്നു. ഉദ്ധാന ഗീതം പാടി ധൂപം അര്‍പ്പിച്ചു കൊണ്ട് ഫാ.ലോനപ്പന്‍ അരങ്ങാശ്ശേരി ഐക്കണോസ്റ്റാസിസ് തുറന്ന് പരിശുദ്ധ മദ്ബഹായിലേക്ക് പ്രവേശിച്ചത് സ്വര്‍ഗ്ഗ വാതില്‍ തുറന്ന അനുഭവമാണ് ഏവരിലും ഉളവാക്കിയത്. പരിശുദ്ധ മദ്ബഹായില്‍ സക്രാരിയോടൊപ്പം പരിശുദ്ധ മാര്‍ത്തോമാ സ്ലീവയും,വിശുദ്ധ ഗ്രന്ഥവും പ്രതിഷ്ടിച്ചിരുന്നു.സുവിശേഷ ഗ്രന്ഥവും, സ്ലീവയും വഹിച്ചു കൊണ്ട് നടത്തിയ പ്രദക്ഷിണവും, പരിശുദ്ധ മദ്ബഹായില്‍ സീറോമലബാര്‍ വൈദികരോടൊപ്പം ഉക്രേനിയന്‍ ഗ്രീക്ക് പുരോഹിതന്മാരും ചേര്‍ന്ന് ആഘോഷിച്ച അനാഫൊറയും സ്വര്‍ഗ്ഗീയ അനുഭൂതിയാണ് ഉളവാക്കിയത്.
പരിശുദ്ധ കുര്‍ബ്ബാനക്കും, ലഘു ഭക്ഷണത്തിനും ശേഷം നടത്തിയ സെമിനാറില്‍ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ ചരിത്രത്തെ അവലംബിച്ച് ‘കേരളം,ദക്ഷിണേഷ്യയിലെ ക്രൈസ്തവ സഭയുടെ പിള്ളത്തൊട്ടില്‍’എന്ന ഹൃസ്യ ചിത്രവും തുടര്‍ന്ന് ‘കേരള സഭയുടെ സുറിയാനി പാരമ്പര്യത്തെയും അതിന്റെ പുനരുദ്ധാരണത്തേയും’ സംബന്ധിച്ചുള്ള ചിത്രവും പ്രദര്‍ശിപ്പിക്കപ്പെട്ടു.
തുടര്‍ന്ന് നടന്ന ചര്‍ച്ചയെ റവ.ഡോ.ജോസഫ് പാലക്കലും,റവ.ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരിയും ചേര്‍ന്ന് ഒരു വൈജ്ഞാനിക പഠന ചര്‍ച്ചയാക്കി മാറ്റി.സെമിനാറില്‍ പങ്കെടുത്തവരില്‍ ബഹുഭൂരിപക്ഷവും തദ്ദേശീയരായ ഇംഗ്ലീഷ് കത്തോലിക്കരും മറ്റു സഭാ അംഗങ്ങളുമായതിനാല്‍ സദസ്സില്‍ നിന്നും ധാരാളം ചോദ്യങ്ങളും,സംശയങ്ങളും ഉയര്‍ന്നു വന്നു.തുടര്‍ന്ന് നടന്ന സീറോ മലബാര്‍ സഭയുടെ പൗരാണികത്വത്തെ വിളിച്ചോതുന്ന പോസ്റ്റര്‍ പ്രദര്‍ശനവും ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു.
ഈ കാലഘട്ടത്തില്‍ യുദ്ധത്താലും,മതസ്പര്‍ദ്ധയാലും പീഡിപ്പിക്കപ്പെടുന്ന പൌരസ്ത്യ സഭകളെപ്പറ്റി ജോണ്‍ ന്യുട്ടണ്‍ അവതരിപ്പിച്ച പോസ്റ്ററുകളും, പ്രബന്ധവും പ്രത്യേകം ശ്രദ്ധേയവും,വികാരപരവുമായി. തുടര്‍ന്ന് നടന്ന ഉക്രേനിയന്‍ സഭയുടെ സായാഹ്ന പ്രാര്‍ത്ഥനയോടെ അവിസ്മരണീയമായ ആഘോഷം സമാപിച്ചു.
ആഘോഷമായ ഇംഗ്ലീഷ് പാട്ട് കുര്‍ബ്ബാനക്കായി ചുരുങ്ങിയ ദിവസങ്ങളിലെ പരിശീലനത്തില്‍ നിന്നും ഗാന ശുശ്രുഷ ഏറ്റം മനോഹരവും അനുഭവവുമാക്കി മാറ്റിയ ഡോ.ജേക്കബും ടീമും,മികച്ച കോര്‍ഡിനേഷന്‍ കൊണ്ട് ആഘോഷം വിജയകരമാക്കിയ ഡോ.മാര്‍ട്ടിന്‍ തോമസ് ആന്റണിയും പ്രത്യേകം അനുമോദനം ഏറ്റു വാങ്ങി.
സീറോ മലബാര്‍ സഭയെ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കി കൊടുക്കുവാന്‍ ഉതകുന്ന അഭിമാനാര്‍ഹമായ ഇത്തരം ഒരു പരിപാടിക്ക് ചരിത്രത്തില്‍ ഇദാദ്യമായിട്ടാണ് ഇംഗ്ലണ്ട് വേദിയാവുന്നത്.ലിവര്‍പ്പൂളിനടുത്ത് വാറിങ്ടനിലും,ലീഡ്‌സിലും കഴിഞ്ഞ ആഴ്ചയില്‍ നടത്തിയ ആഘോഷങ്ങള്‍ പ്രവാസി നവതലമുറയെ ഹടാതാകര്‍ഷിച്ചിരുന്നു. മാഞ്ചസ്റ്ററിനടുത്തുള്ള ബോള്‍ട്ടണിലും അടുത്ത ശനിയാഴ്ച റവ.ഡോ.ജോസഫ് പാലക്കല്‍ നയിക്കുന്ന സെമിനാറുണ്ടായിരിക്കുന്നതാണ്.
റവ.ഡോ.ജോസഫ് പാലക്കല്‍ ഓക്‌സ്‌ഫോര്‍ഡില്‍ നടത്തപ്പെടുന്ന അന്തര്‍ദേശീയ സമ്മേളനത്തില്‍ കോണ്‍ഗ്രിഗേഷനല്‍ മ്യുസിക്കിനെ ആസ്പതമാക്കി പ്രഭാഷണം നടത്തുവാനാണ് മുഖ്യമായും ഇംഗ്ലണ്ടില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
സുറിയാനി ഗീതങ്ങളും ചേര്‍ത്ത് അര്‍പ്പിക്കപ്പെട്ട ആഘോഷമായ പരിശുദ്ധ കുര്‍ബ്ബാന നമ്മുടെ ആരാധനാക്രമത്തിലും വിശ്വാസികളുടെ തലത്തില്‍ മാറ്റത്തിന് പ്രചോദനം ആയി മാറട്ടെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല