സ്വന്തം ലേഖകന്‍: ചൈനയില്‍ അഴിമതി വീരനായ മുതിര്‍ന്ന നേതാവ് കുടുങ്ങി. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായിരുന്ന ചൗ യോങ്കാങ്ങിനെ അഴിമതി നടത്തിയതിന് ജീവപര്യന്തം തടവിനു ശിക്ഷിച്ചു. അഴിമതി, അധികാര ദുര്‍വിനിയോഗം, രാജ്യരഹസ്യം ചോര്‍ത്തല്‍ എന്നിവയാണ് യോങ്കാങിനു മേല്‍ ചുമത്തിയ കുറ്റങ്ങള്‍.
കഴിഞ്ഞ ഏപ്രിലില്‍ അറസ്റ്റിലായ യോങ്കാങ്ത് മുന്‍ പ്രസിഡന്റ് ഹു ജിന്റാവോയുടെ വിശ്വസ്തനും ആഭ്യന്തര സുരക്ഷാ മേധാവിയുമായിരുന്നു.
കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയില്‍ അഴിമതിക്കുറ്റത്തിനു ശിക്ഷിക്കപ്പെടുന്ന ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവാണ്.
അതിനിടെ, അഴിമതി വിരുദ്ധ നടപടി നേരിടുന്ന ചൈനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയും കിഴക്കന്‍ പ്രവിശ്യയിലെ ഡപ്യൂട്ടി മേയറുമായിരുന്ന യാങ് ഷിയാഹു അമേരിക്കയില്‍ രാഷ്ട്രീയാഭയത്തിന് അപേക്ഷ നല്‍കി. വിദേശത്തേക്കു മുങ്ങിയ 100 വന്‍ അഴിമതിക്കാരുടെ പട്ടികയിലുള്ള ആളാണ് യാങ് എന്നും അവരെ വിട്ടുകൊടുക്കണമെന്നും ചൈന അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു.
വീസാ നിയമലംഘനം ആരോപിച്ചാണു കഴിഞ്ഞ മാസം ഇവരെ യുഎസില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ രാഷ്ട്രീയ അഭയത്തിന് അപേക്ഷ നല്‍കിയെങ്കിലും സ്വീകരിച്ചില്ലെന്നാണു സൂചന. അഴിമതിക്കുറ്റത്തിനു പിടിക്കപ്പെടുമെന്നായപ്പോള്‍ യാങ് ചൈനയില്‍നിന്നു 2003 ല്‍ കുടുംബസമേതം അമേരിക്കയിലേക്കു മുങ്ങുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല