സ്വന്തം ലേഖകൻ: രണ്ട് സീസണുകളുടെ ഇടവേളയ്ക്കു ശേഷം സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന് ലാ ലിഗ കിരീടം. വിയ്യാറയലിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് റയല്‍ കിരീടമുറപ്പിച്ചത്. റയലിന്റെ ചിരവൈരികളായ ബാഴ്‌സലോണ ഒസാസുനയോട് തോല്‍ക്കുകയും ചെയ്തു.
2016-17 സീസണിനു ശേഷം റയലിന്റെ ലീഗ് വിജയമാണിത്. ലീഗില്‍ ഒരു മത്സരം ബാക്കിനില്‍ക്കെയാണ് റയൽ കിരീടം സ്വന്തമാക്കിയത്. റയലിനൊപ്പം സിദാന്റെ രണ്ടാം ലീഗ് കിരീടമാണിത്.
37 മത്സരങ്ങളില്‍ നിന്ന് 86 പോയന്റോടെയാണ് റയല്‍ 34-ാം ലാ ലിഗ കിരീടം സ്വന്തമാക്കിയത്. ഏറ്റവും കൂടുതല്‍ ലാ ലിഗ കിരീടങ്ങള്‍ എന്ന നേട്ടവും റയലിനു തന്നെയാണ് . രണ്ടാമതുള്ള ബാഴ്‌സയ്ക്ക് 26 കിരീടങ്ങളാണുള്ളത്.
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരുന്ന മത്സരങ്ങൾ പുനഃരാരംഭിക്കുമ്പോൾ ലീഗിൽ ബാർസിലോനയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു റയൽ. കോവിഡിനു ശേഷം റയൽ കളിച്ച 10 മത്സരങ്ങളും ജയിച്ചപ്പോൾ, ചെറു ടീമുകളോട് വഴങ്ങിയ അപ്രതീക്ഷിത തോൽവികളും സമനിലകളുമാണ് ബാർസയുടെ നില പരുങ്ങലിലാക്കിയത്.
ടീം പോയിന്റ് പട്ടികയുടെ തലപ്പത്തു നിൽക്കുമ്പോൾ പരിശീലകൻ ഏണസ്റ്റോ വെൽവർദയെ നീക്കി പുതിയ പരിശീലകനെ കൊണ്ടുവന്ന തന്ത്രവും പാളി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല