സ്വന്തം ലേഖകന്‍: സിക വൈറസ് വ്യാപിക്കുന്നു, ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമേരിക്കന്‍ വന്‍കരയില്‍ സിക വൈറസിന്റെ വ്യാപനം അസാധാരണമായ പ്രതിഭാസമാണെന്ന് സംഘടന വിലയിരുത്തി. 2014 ല്‍ എബോള പടര്‍ന്നുപിടിച്ചതിനു ശേഷം ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ്.
ബ്രസീലില്‍ കഴിഞ്ഞ വര്‍ഷം സിക വൈറസ് എത്തിയതും കുഞ്ഞുങ്ങളിലെ വൈകല്യവും വൈറസും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ രംഗത്തെ വിദഗ്ധരുടെ യോഗം ലോകാരോഗ്യ സംഘടന വിളിച്ചു ചേര്‍ത്തിരുന്നു.
കൊതുകുകള്‍ പരത്തുന്ന സിക വൈറസാണ് കുഞ്ഞുങ്ങളുടെ ജനനവൈകല്യത്തിന് കാരണമെന്നതിന് സുവ്യക്തമായ തെളിവില്ലെങ്കിലും അത്യധികം ജാഗ്രത പുലര്‍ത്തേണ്ട ഘട്ടമാണെന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. മാര്‍ഗരറ്റ് ചാന്‍ പറഞ്ഞു.
അടുത്ത വര്‍ഷത്തോടെ അമേരിക്കന്‍ രാജ്യങ്ങളില്‍ 40 ലക്ഷംപേര്‍ക്ക് സിക ബാധയുണ്ടാകുമെന്നാണ് ലോകാരോഗ്യസംഘടന വിലയിരുത്തുന്നത്. ഏകദേശം 11,000 പേരാണ് എബോള ബാധിച്ച് മരിച്ചത്. ഇതിനേക്കാള്‍ പതിന്മടങ്ങ് ആഘാതശേഷിയുള്ളതാണ് സിക വൈറസ് എന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല