സ്വന്തം ലേഖകന്‍: പിഴവു പറ്റി, ക്ഷമിക്കണം! യുഎസ് കോണ്‍ഗ്രസ് സെനറ്റ് പാനലിനു മുന്നില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഏറ്റുപറച്ചില്‍. ഡേറ്റ ചോര്‍ച്ച വിവാദത്തില്‍ യുഎസ് കോണ്‍ഗ്രസ് സെനറ്റ് പാനലിനു മുന്പാകെ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് മാപ്പ് അപേക്ഷിച്ചു. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതില്‍ ഞങ്ങള്‍ക്ക് വലിയ തെറ്റ് പറ്റിയെന്നും ക്ഷമ ചോദിക്കുന്നുവെന്നും സുക്കര്‍ബര്‍ഗ് സെനറ്റ് ജുഡീഷറി ആന്‍ഡ് കൊമേഴ്‌സ് കമ്മിറ്റിക്കു മുന്പാകെ പറഞ്ഞു.
വ്യാജ വാര്‍ത്തകള്‍, തെരഞ്ഞെടുപ്പുകളിലെ ഇടപെടല്‍ എന്നിവയില്‍ കന്പനി വേണ്ടത്ര ജാഗ്രത കാട്ടിയില്ല. ഫേസ്ബുക്ക് തെരഞ്ഞെടുപ്പുകളെ മാനിക്കുന്നുവെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കിനെ കൂടുതല്‍ സുരക്ഷിതമാക്കുമെന്നും ഇതിനായി കന്പനി അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് തയാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍സ് ലബോറട്ടറീസ് (എസ്സിഎല്‍) ഗ്രൂപ്പും അതിന്റെ കീഴിലുള്ള കേംബ്രിജ് അനലിറ്റിക്ക എന്ന സ്ഥാപനവും അഞ്ചു കോടിയിലേറെപ്പേരുടെ സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്കില്‍നിന്നു കൈവശപ്പെടുത്തി ദുരുപയോഗം ചെയ്തുവെന്നാണ് കണ്ടെത്തിയിരുന്നത്. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉള്‍പ്പെടെ ഈ വിവരങ്ങള്‍ ഉപയോഗിച്ചതായി വെളിപ്പെട്ടതോടെയാണ് ഫേസ്ബുക്ക് വിവാദത്തിലാകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല