സ്വന്തം ലേഖകൻ: ഏപ്രിൽ മുതൽ സൂറിക്കിലേക്കും റോമിലേക്കും എയർ ഇന്ത്യ വിമാന സർവീസുകൾ തുടങ്ങുമെന്ന് പ്രമുഖ ഏവിയേഷൻ പോർട്ടലായ സിംപിൾ ഫ്ളയിങ് റിപ്പോർട്ട് ചെയ്യുന്നു. സമ്മർ ഷെഡ്യുളിൽ ഈ രണ്ട് സർവീസുകൾക്ക് പുറമെ, ലോസ് എൻജൽസ്, ഡാലസ്, സിയാറ്റിൽ, കോലാലംപുർ, ജകാർത്ത എന്നീ നഗരങ്ങളും എയർ ഇന്ത്യയുടെ പുതിയ പട്ടികയിൽ ഉൾപ്പെടും.
എയർ ഇന്ത്യ ഓർഡർ നൽകിയിട്ടുള്ള ബോയിങ് 777- 300 ER, എയർബസ്സിന്റെ A 350 എയർക്രാഫ്റ്റുകൾ ഈ മാസത്തോടെ എത്തുന്ന മുറയ്ക്ക്, പുതിയ സമ്മർ ഷെഡ്യുൾ റൂട്ടുകളുടെ പ്രഖ്യാപനമുണ്ടാവും. ഇതിൽ ഭൂരിഭാഗവും ഡെൽഹിയിൽ നിന്നാവും സർവീസ് നടത്തുക. മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്ക് ലെ ഓവർ അധികം ഇല്ലാതെ ഇവിടെ നിന്നാവും കണക്ഷൻ. എയർ ഇന്ത്യയുടെ പ്രധാന കേന്ദ്രം ഡൽഹി ആണെന്നതിനു പുറമെ, മാർക്കറ്റ് സർവേകൾ പ്രകാരം ഇന്ത്യയിലേക്കുള്ള ഗേറ്റ്‌വേ ആവുന്നതിൽ ഡൽഹിക്കാണ് ഏറ്റവും പ്രിയം.
നേരത്തെ സർവീസ് നടത്തി പിൻവാങ്ങിയ റൂട്ടുകളിലേക്കാണ് എയർ ഇന്ത്യ വീണ്ടും എത്തുന്നത്. റോമിലേക്ക് 2021 വരെയും, സൂറിക്കിലേക്ക് 2004 വരെയും എയർ ഇന്ത്യ സർവീസ് നടത്തിയിരുന്നു. എയർ ഇന്ത്യ ടാറ്റ ഏറ്റെടുത്തതോടെ നടക്കുന്ന നെറ്റവർക്ക് വിപുലീകരണങ്ങളുടെ ഭാഗമാണ് പുതിയ സർവീസുകൾ. ഇന്ത്യയിലേക്കുള്ള ഫ്‌ളൈറ്റ് നിരക്കുകളിൽ എയർ ഇന്ത്യയുടെ വരവോടെ കുറവുണ്ടാവുമെന്നാണ് പ്രതീക്ഷ.
എയർ ഇന്ത്യയുടെ നോൺ സ്റ്റോപ്പ് സർവീസുകളായ ബെംഗളൂരു – സാൻഫ്രാൻസിസ്കോ, മുംബായ് – സാൻഫ്രാൻസിസ്കോ സെക്ടറുകൾക്ക് ശേഷം, ഏറ്റവും ദൈർഘ്യമുള്ള പറക്കലാണ് ഡാലസിലേക്കുള്ള പുതിയ സർവീസ്. നിലവിൽ യൂറോപ്പിൽ ആംസ്റ്റർഡാം, ബെർമിങ്‌ഹാം, കോപ്പൻഹാഗൻ, ഫ്രാങ്ക്ഫർട്ട്, ലണ്ടൻ, മിലാൻ, പാരീസ്, വിയന്ന എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യ സർവീസ് നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല